International
ടെഹ്റാൻ: യുറേനിയം സന്പുഷ്ടീകരിക്കാൻ ഇറാനുള്ള അവകാശം അംഗീകരിച്ചാൻ മാത്രമേ അമേരിക്കയുമായുള്ള ആണവചർച്ചയിൽ പുരോഗതിയുണ്ടാകൂ എന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. വെള്ളിയാഴ്ച ഒമാനിൽ അമേരിക്കയുമായി നടന്ന പരോക്ഷചർച്ചയിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി ഉന്നയിക്കപ്പെട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
സന്പുഷ്ടീകരണം നിർത്തണമെന്ന ആവശ്യം ഇറാന് അംഗീകരിക്കാനാവില്ല. സന്പുഷ്ടീകരണം സമാധാന ആവശ്യങ്ങൾക്കാണെന്ന് ഉറപ്പുവരുത്തുന്നതിൽ ചർച്ച കേന്ദ്രീകരിക്കണം. സ്വാതന്ത്ര്യം, അന്തസ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഇറാൻ ഇക്കാര്യത്തിൽ നിർബന്ധം പിടിക്കുന്നത്. ഇറാൻ എന്തു ചെയ്യണം, ചെയ്യരുത് എന്നു നിർദേശിക്കാൻ ആർക്കും അവകാശമില്ല. അമേരിക്കയുമായുള്ള അടുത്ത ചർച്ചയുടെ വേദിയും സമയവും ഒമാനുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം ഇറാനും അമേരിക്കയും ആണവവിഷയത്തിൽ അഞ്ചു വട്ടം ചർച്ച നടത്തിയിരുന്നു. ആണവ സന്പുഷ്ടീകരണം നിർത്തില്ലെന്ന ഇറാന്റെ നിലപാടിൽ ചർച്ചകൾ ഫലം കണ്ടില്ല. ജൂണിൽ ഇസ്രയേലുമായുള്ള യുദ്ധത്തിന്റെ അവസാനദിനം അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങളിൽ ബോംബിട്ടു. അതിനുശേഷം യുറേനിയം സന്പുഷ്ടീകരിച്ചിട്ടില്ലെന്നാണ് ഇറാൻ പറയുന്നത്.
International
വാഷിംഗ്ടൺ ഡിസി: ആണവചർച്ചകൾക്കിടെ ഇറാനുമേൽ സമ്മർദം വർധിപ്പിക്കാൻ തീരുവയും ഉപരോധവും വർധിപ്പിച്ച് അമേരിക്ക. ഇറാനുമായി വ്യാപാരത്തിലേർപ്പെടുന്ന രാജ്യങ്ങൾക്കുമേൽ ഇറക്കുമതി തീരുവ വർധിപ്പിക്കുന്ന ഉത്തരവ് പ്രസിഡന്റ ്ട്രംപ് പുറപ്പെടുവിച്ചു.
ഇറേനിയൻ ഉത്പന്നങ്ങളും സേവനങ്ങളും നേരിട്ടോ പരോക്ഷമായോ വാങ്ങുന്ന രാജ്യങ്ങളാണ് നടപടി നേരിടുക. തീരുവ എത്ര ശതമാനമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയില്ല. 25 ശതമാനം ആയിരിക്കുമെന്ന് അദ്ദേഹം മുന്‍പ് സൂചിപ്പിച്ചിരുന്നു.
ഇറേനിയൻ ഭരണകൂടത്തിന്റെ പ്രധാന വരുമാനമാർഗങ്ങൾ തടയുന്നതിന് ഈ നടപടികൾ അത്യാവശ്യമാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇതിനു പുറമേ ഇറാനെതിരായ ഉപരോധം വർധിപ്പിക്കുന്നതായും അമേരിക്ക അറിയിച്ചു. ഇറാന്റെ എണ്ണവ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്ന 15 സ്ഥാപനങ്ങൾ, 14 ടാങ്കർ കപ്പലുകൾ എന്നിവയ്ക്കെതിരേയാണ് ഉപരോധങ്ങൾ.
International
ദുബായ്: ഇറാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായവരുടെ എണ്ണം 50,834 ആയി. യുഎസ് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
6876 പേർ കൊല്ലപ്പെട്ടു. യഥാർഥ മരണസംഖ്യ ഇതിലും ഉയർന്നേക്കുമെന്നാണ് അനുമാനം.
International
ടെഹ്റാൻ: ഇറാനിലുണ്ടായ രണ്ടു വ്യത്യസ്ത സ്ഫോടനങ്ങളിൽ അഞ്ചു പേർ മരിച്ചു. അമേരിക്കയും ഇറാനും തമ്മിൽ സംഘർഷസാധ്യത വർധിച്ചിരിക്കേയാണു സംഭവം. എന്നാൽ, വാതകച്ചോർച്ചയാണു സ്ഫോടനങ്ങൾക്കു കാരണമെന്ന് ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞു.
ഗൾഫ് തീരത്തെ ബന്ദർ അബ്ബാസ് തുറമുഖത്തും ഇറാക്കി അതിർത്തിയോടു ചേർന്ന അഹ്വാസ് നഗരത്തിലും പാർപ്പിടസമുച്ചയങ്ങളിലാണു സ്ഫോടനങ്ങളുണ്ടായത്.
ബന്ദർ അബ്ബാസിൽ എട്ടുനില കെട്ടിടത്തിലെ രണ്ടു നിലകൾ തകർന്നു. വാതകച്ചോർച്ചയാണ് സംഭവത്തിനു കാരണമെന്ന് അഗ്നിശമനസേന പറഞ്ഞു.
വിപ്ലവഗാർഡിന്റെ നാവികസേനാ കമാൻഡറിനെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടന്നതെന്ന സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ ഇറേനിയൻ വൃത്തങ്ങൾ നിഷേധിച്ചു.
International
ടെൽഅവീവ്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ യുഎസ് പടക്കപ്പലുകൾ അറബിക്കടലിൽ നങ്കൂരമിട്ടു. പശ്ചിമേഷ്യ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനിക്കപ്പലടങ്ങുന്ന വമ്പൻ സൈനിക വ്യൂഹം നീങ്ങുന്നതിന് പിന്നാലെയാണ് പുതിയ നീക്കം.
യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാന വാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ നാവികപ്പട അറബിക്കടലിൽ നിലയുറപ്പിച്ചതോടെ ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങൾ സുരക്ഷിതമാക്കാൻ നീക്കം ആരംഭിച്ചു. അമേരക്കയ്ക്ക് മറുപടിയായി നൂറുകണക്കിന് മിസൈൽ ബോബോട്ടുകളെ ഇറാൻ കടലിലിറക്കി.
ഇറാന്റെ സ്വന്തം ഡ്രോൺ കാരിയറായ ഷാഹിദ് ബഗേരി ബന്ദർ അബ്ബാസ് തീരത്ത് നിന്ന് ആറ് കിലോമീറ്റർ അകലെ സജ്ജമാക്കിയിട്ടുണ്ട്. 60 ഡ്രോണുകളെ വരെ ഒരേസമയം വഹിക്കാൻ ശേഷിയുള്ളതാണിത്. അതേസമയം ഇറാന്റെ ആണവ നിലയങ്ങളിൽ കമാൻഡോ ഓപ്പറേഷൻ ഉൾപ്പെടെയുള്ള വിപുലമായ സൈനിക നീക്കങ്ങൾ യുഎസ് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
International
ദുബായ്: ഇറാനെ ആക്രമിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പലവിധ പദ്ധതികൾ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇറാനിലെ പുരോഹിത ഭരണകൂടത്തെ പുറത്താക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കാനായി നേതാക്കളെയും സൈനിക കമാൻഡർമാരെയും ലക്ഷ്യമിട്ടുള്ള ആക്രമണവും ഇതിൽ ഉൾപ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭരണമാറ്റത്തിനുള്ള സാഹചര്യം സൃഷ്ടിക്കാനാണു ട്രംപ് ആഗ്രഹിക്കുന്നതെന്ന് ഇതു സംബന്ധിച്ച ചർച്ചകളിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇതിനായി, ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിയ കമാൻഡർമാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തും.ഇതിലൂടെ വീണ്ടും പ്രക്ഷോഭം നടത്താനുള്ള ധൈര്യം ജനങ്ങൾക്കു ലഭിക്കും. ജനകീയ പ്രക്ഷോഭത്തിൽ സർക്കാരും സുരക്ഷാ സംവിധാനങ്ങളും അട്ടിമറിക്കപ്പെടാം.
പ്രത്യാഘാതം ദീർഘകാലം നീളുന്ന വൻ ആക്രമണവും പരിഗണനയിലുണ്ട്. ഇറാന്റെ ആണവ, മിസൈൽ പദ്ധതികളെ ലക്ഷ്യമിട്ടായിരിക്കും ഈ ആക്രമണം.
ഇറാനിലെ സൈനിക നടപടി വേണോ എന്നതിൽ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആണവക്കരാറിന് ഇറാൻ തയാറായില്ലെങ്കിൽ അമേരിക്കൻ ആക്രമണം നേരിടേണ്ടിവരുമെന്നു ട്രംപ് കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു.
യുഎസ്എസ് ഏബ്രഹാം ലിങ്കൺ വിമാനവാഹിനി അടക്കമുള്ള യുദ്ധക്കപ്പലുകൾ ഇറാനെ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്. ട്രംപ് തീരുമാനമെടുത്താൽ അത് ഉടനടി നടപ്പാക്കാനുള്ള സാഹചര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.
ഇതിനിടെ, അമേരിക്കൻ വ്യോമാക്രമണം കൊണ്ടുമാത്രം ഇറാനിലെ ഭരണകൂടം വീഴില്ലെന്ന് ഇസ്രേലി ഉദ്യോഗസ്ഥൻ പറഞ്ഞതായി മറ്റൊരു റിപ്പോർട്ടിൽ പറയുന്നു. ജനകീയ പ്രക്ഷോഭത്തിൽ ഭരണകൂടം ദുർബലമായെങ്കിലും പിടി അയഞ്ഞിട്ടില്ല.
ഇറേനിയൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ്യെ യുഎസ് വധിച്ചാലും മറ്റൊരു നേതാവ് തത്സ്ഥാനത്തെത്തും. ജനകീയ പ്രക്ഷോഭം ശക്തമായാലേ ഭരണകൂടം ദുർബലമാകൂ. ഇതോടൊപ്പം ഇറാനുമേൽ പുറത്തുനിന്നും സമ്മർദം ചെലുത്തണമെന്ന് ഇസ്രേലി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ബ്രസൽസ്: ഇറാനിലെ വിപ്ലവഗാർഡ് സേനയെ യൂറോപ്യൻ യൂണിയൻ തീവ്രവാദ പ്രസ്ഥാനമായി മുദ്രകുത്തി. ഇതിനു പുറമേ ഇറാനേതിരെ പുതിയ ഉപരോധങ്ങൾ ചുമത്താനും തീരുമാനിച്ചു.
ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിയതിന്റെ പേരിലാണ് നടപടികൾ. വിപ്ലവഗാർഡുകളാണ് തെരുവിൽ പ്രക്ഷോഭകരെ നേരിട്ടത്.
അൽ ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് മുതലായ സംഘടനകളാണ് യൂറോപ്യൻ യൂണിയന്റെ ഭീകരവാദ പട്ടികയിലുള്ളത്.
ഇറാനോടുള്ള യൂറോപ്യൻ യൂണിയൻ സമീപനത്തിൽ കാതലായ മാറ്റമുണ്ടായി എന്നാ ണ് ഈ തീരുമാനങ്ങൾ വ്യക്തമാക്കുന്നത്.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതിയുയർത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഇറാൻ ആണവക്കരാറിനു തയാറായില്ലെങ്കിൽ ആക്രമണം ആസന്നമാണെന്ന് ട്രംപ് ഭീഷണി മുഴക്കി. കരാറിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അമേരിക്കൻ യുദ്ധക്കപ്പൽ ഇറാനെ ലക്ഷ്യമാക്കി നീങ്ങുകയാണെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് പറഞ്ഞു. സംഭാഷണത്തിനു തയാറാണെന്നും എന്നാൽ, ആക്രമണമുണ്ടായാൽ പ്രതിരോധിക്കുമെന്നും മുമ്പൊരിക്കലും ഇല്ലാത്തവിധം പ്രതികരിക്കുമെന്നും ഇറാനും നിലപാടെടുത്തു.
ഇതോടെ ഗൾഫ് മേഖലയിൽ യുദ്ധഭീതി ഉരുണ്ടുകൂടിയിരിക്കുകയാണ്. പരസ്പര ബഹുമാനത്തിന്റെയും താത്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ചർച്ചകയ്ക്ക് ഒരുക്കമാണ്. എന്നാൽ, യുദ്ധത്തിലേക്കു തള്ളിവിട്ടാൽ സ്വയം പ്രതിരോധിക്കുകയും ‘മുമ്പൊരിക്കലും ഇല്ലാത്ത വിധം’ പ്രതികരിക്കുമെന്നും ഇറാൻ വ്യക്തമാക്കി.
ഇറാൻ വേഗം ചർച്ചയ്ക്കു തയാറാവണം. ന്യായവും നീതിയുക്തവുമായ ഒരു കരാറിലെത്തിച്ചേരുകയും വേണം. ആണവായുധങ്ങൾ വേണ്ട”- ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. വെനസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയ നാവിക സേനയാണ് ഗൾഫ് മേഖലയിലേക്ക് അയച്ചിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അതിവേഗം ദൗത്യം നിർവഹിക്കാൻ ശേഷിയുള്ള സേനയാണിത്. ഇനിയുള്ള ആക്രമണം വളരെ മോശമായിരിക്കും. അത് വീണ്ടും സംഭവിക്കരുതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സൈനിക ഭീഷണിയിലൂടെയുള്ള നയതന്ത്രം ഫലപ്രദമോ ഗുണപ്രദമോ അല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ചർച്ചകൾ പുരോഗമിക്കണമെങ്കിൽ, ഭീഷണികളും യുക്തിരഹിതമായ വിഷയങ്ങളും മാറ്റിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാക്ക് രാഷ്ട്രീയത്തിലും ഇടപെടാൻ അമേരിക്കൻ പ്രസിഡന്റ് തയാറെടുക്കുന്നതായാണു സൂചന. മുൻ പ്രധാനമന്ത്രി നൂറി അൽ മാലിക്കിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്താൽ ഇറാക്കിനെ ഇനി യുഎസ് സഹായിക്കില്ലെന്നു ട്രംപ് പറഞ്ഞു. മാലിക്കിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുന്നത് ഇറാക്കിന്റെ വളരെ മോശമായ തെരഞ്ഞെടുപ്പായേക്കാം. കഴിഞ്ഞ തവണ മാലിക്കി അധികാരത്തിലിരുന്നപ്പോൾ രാജ്യം ദാരിദ്ര്യത്തിലേക്കും സമ്പൂർണ അരാജകത്വത്തിലേക്കും കൂപ്പുകുത്തി.
അതു വീണ്ടും സംഭവിക്കാൻ അനുവദിക്കരുതെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. മാലിക്കിയുടെ ഭ്രാന്തൻ നയങ്ങളും ആശയങ്ങളും കാരണം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്ക ഇറാക്കിനെ മേലിൽ സഹായിക്കില്ല. സഹായിക്കാൻ തങ്ങളില്ലെങ്കിൽ ഇറാക്കിന് വിജയത്തിനോ സമൃദ്ധിക്കോ സ്വാതന്ത്ര്യത്തിനോ സാധ്യതയുണ്ടാവില്ല. മാലിക്കിയുടെ നേതൃത്വം ആവർത്തിക്കാൻ ഇറാഖ് അനുവദിക്കരുത്. ‘മേക്ക് ഇറാക്ക് ഗ്രേറ്റ് എഗെയ്ൻ’ – ട്രംപ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ഇറാനിലെ കേരളീയർക്കായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കും.
സഹായം ആവശ്യമുള്ള കേരളീയർക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിലെ ഹെൽപ് ഡെസ്ക് നന്പറുകളിൽ 18004253939 (ടോൾ ഫ്രീ നന്പർ), +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ) ബന്ധപ്പെടാം.
അടിയന്തര സാഹചര്യത്തിൽ ടെഹ്റാനിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ നന്പറുകളായ +989128109115, +989128109109, +989128109102, +989932179359 ഇമെയിലിലോ [email protected] ബന്ധപ്പെടാം. റസിഡന്റ് വീസയിൽ ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ എംബസിയിൽ രജിസ്റ്റർ ചെയ്യണം.
International
ടെഹ്റാൻ: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി. 10,700 പേര് അറസ്റ്റിലായി. കൊല്ലപ്പെട്ടവരില്‍ ഒമ്പതു പേര് പതിനെട്ടുവയസില്‍ താഴെ പ്രായമുള്ളവരാണ്.
ഇറാനിലുടനീളം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വിവരങ്ങൾ പുറംലോകമറിയാൻ വൈകുകയാണ്. ഭരണകൂടം ഔദ്യോഗികമായി മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്നും എന്നാല്‍ പ്രക്ഷോഭകരെ ഇറാന് നിഷ്കരുണം കൂട്ടക്കുരുതി ചെയ്യുന്നതിനാല്‍ അതിനു മുമ്പായി നടപടി വേണ്ടിവന്നേക്കുമെന്നും ട്രംപ് പറഞ്ഞു.
International
ടെൽ അവീവ്: ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇസ്രയേലിലെങ്ങും സർക്കാർ ജാഗ്രതാനിർദേശം നൽകി. സൈന്യത്തോട് ജാഗരൂകരായിരിക്കാൻ നിർദേശം നൽകിയ സർക്കാർ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ വർധിപ്പിക്കുകയും വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്തു.
അമേരിക്ക ആക്രമണം നടത്തിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേലിലെ ലക്ഷ്യങ്ങളും ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ തുടരുന്ന ഇറാനിൽ അമേരിക്കൻ ഇടപെടലുണ്ടാകുമെന്ന വാർത്തകളോടു പ്രതികരിക്കവെ ഇറാനിലെ കിരാത ഭരണത്തിന് ഉടൻ വിരാമമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
International
ടെഹ്റാൻ: സാന്പത്തിക തകർച്ചയ്ക്കെതിരേ ഇറാനിൽ വ്യാപിച്ച പ്രക്ഷോഭത്തിൽ 35 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കയിലെ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി എന്ന സംഘടനയാണ് ഈ കണക്ക് പുറത്തുവിട്ടത്. ഇറേനിയൻ അധികൃതർ 1,200 പേരെ തടവിലാക്കിയെന്നും പറയുന്നു.
കറൻസി മൂല്യം കൂപ്പുകുത്തിയതിലും സാന്പത്തിക പ്രതിസന്ധി രൂക്ഷമായതിലും പ്രതിഷേധിച്ച് ടെഹ്റാനിലെ വ്യാപാരികൾ ഒരാഴ്ച മുന്‍പ് ആരംഭിച്ച പ്രക്ഷോഭം ഇറാനിലെ 31 പ്രവിശ്യകളിൽ 27ലേക്കും വ്യാപിച്ചു. പ്രതിഷേധക്കാരും സുരക്ഷാഭടന്മാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 29 പ്രതിഷേധക്കാർ, നാലു കുട്ടികൾ, രണ്ടു സുരക്ഷാഭടന്മാർ എന്നിവരാണു കൊല്ലപ്പെട്ടത്.
ഇറേനിയൻ സർക്കാർ ഇതുവരെ മരണസംഖ്യ പുറത്തുവിട്ടിട്ടില്ല. 250 പോലീസുകാർക്കും 45 അർധസൈനികർക്കും പരിക്കേറ്റതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിനിടെ, ഇറാക്കി അതിർത്തിയോടു ചേർന്ന ഇലാം പ്രവിശ്യയിലെ മലക് ഷാഹി പ്രദേശത്ത് പ്രക്ഷോഭകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാൻ ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ ആഭ്യന്തര മന്ത്രാലയത്തിനു നിർദേശം നല്കി. ഇവിടെ സുരക്ഷാഭടന്മാർ പ്രതിഷേധക്കാർക്കു നേർക്കു വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
മലക് ഷാഹിയിലെ ആശുപത്രിയിൽ പ്രതിഷേധക്കാർക്കായി സുരക്ഷാഭടന്മാർ റെയ്ഡ് നടത്തിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ആശുപത്രിയിൽ അതിക്രമിച്ചുകയറി ജീവനക്കാരെയും പരിക്കേറ്റവരെയും ആയുധങ്ങളും കണ്ണീർവാതകവും ഉപയോഗിച്ച് ആക്രമിക്കുന്നതു മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് അമേരിക്ക പ്രതികരിച്ചു.
International
ടെഹ്റാൻ: ഇറാനിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. ഇറാനിൽ വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭം നിയന്ത്രണാതീതമാകുകയും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പുലർത്തണമെന്നും പ്രക്ഷോഭമുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശമുണ്ട്. ഇറാനിൽ ഏകദേശം 10,000 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്.
സമാധാനപരമായി സമരം ചെയ്യുന്നവരെ കൊലപ്പെടുത്താൻ ശ്രമിച്ചാൽ ഇറാനിൽ ഇടപെടുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
International
ടെഹ്റാൻ: ഇറാനിൽ തുടരുന്ന വിലക്കയറ്റവിരുദ്ധ പ്രക്ഷോഭത്തിനിടെ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഘർഷത്തിൽ ഒരു സുരക്ഷാഭടൻ കൊല്ലപ്പെട്ടെന്നും 13 പേർക്കു പരിക്കേറ്റെന്നുമാണ് അധികൃതർ സ്ഥിരീകരിച്ചത്.
പടിഞ്ഞാറൻ ഇറാനിലെ ലോറെസ്താൻ, സെൻട്രൽ പ്രവിശ്യയിലെ ഇസ്ഫഗാൻ എന്നീ നഗരങ്ങളിൽ സുരക്ഷാസേനയും സമരക്കാരും തമ്മിലുണ്ടായ സംഘർഷങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടെന്നാണു വിവരം.
പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനിൽ കറൻസിമൂല്യം കുത്തനെ ഇടിഞ്ഞതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും തീവിലയായി. ഞായറാഴ്ച കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് ഇറങ്ങിയത്.
ചൊവ്വാഴ്ച മുതൽ യൂണിവേഴ്സിറ്റി വിദ്യാർഥികളും പങ്കാളികളായി. അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും ഉപരോധങ്ങളിൽ നട്ടെല്ലു തകർന്ന ഇറേനിയൻ സന്പദ്വ്യവസ്ഥയ്ക്ക് എതിരേയുള്ള പ്രതിഷേധമായി ഇതു മാറിയിരിക്കുകയാണ്. ഇറാനിലെ പുരോഹിത ഭരണകൂടത്തിനെതിരേ മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്. പ്രതിഷേധം ശമിപ്പിക്കാനുള്ള മാർഗമെന്ന നിലയിൽ ബുധനാഴ്ച ബാങ്ക് അവധി പ്രഖ്യാപിച്ചിരുന്നു.
ഇറേനിയൻ വിപ്ലവഗാർഡിനു കീഴിലുള്ള ബാസിജ് എന്ന അർധസൈനികസേനയിലെ അംഗമാണ് ലോറെസ്താനിലെ ഖുദാസ്ത് നഗരത്തിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. കല്ലേറിൽ 13 സുരക്ഷാ ഭടന്മാർക്കു പരിക്കേറ്റതായും ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫാർസ് പ്രവിശ്യയിൽ പ്രതിഷേധക്കാർ ഗവർണറുടെ ഓഫീസ് അടക്കമുള്ള സർക്കാർ മന്ദിരങ്ങളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു.
2022ൽ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ മതപോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന യുവതി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ വന്പൻ പ്രതിഷേധത്തിനുശേഷം ഇറാനിലുടനീളം വ്യാപിക്കുന്ന പ്രക്ഷോഭമാണിത്.
പ്രതിഷേധക്കാരുടെ നിയമാനുസൃത ആവശ്യങ്ങൾക്കു ചെവികൊടുക്കാൻ തയാറാണെന്ന് ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ പറഞ്ഞു. പ്രതിഷേധത്തിന്റെ പേരിൽ അരാജകത്വത്തിനു ശ്രമിച്ചാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് മവഹേദി ആസാദ് മുന്നറിയിപ്പു നല്കി.
International
ടെഹ്റാൻ: രാജ്യത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും കറൻസിയുടെ മൂല്യത്തകർച്ചയിലും പ്രതിഷേധിച്ച് ഇറാനിൽ ജനരോഷമിരന്പുന്നു. തലസ്ഥാനമായ ടെഹ്റാനിൽ ആരംഭിച്ച് നാലു ദിവസമായി തുടരുന്ന സർക്കാർവിരുദ്ധ പ്രക്ഷോഭം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിച്ചുകഴിഞ്ഞതായാണു റിപ്പോർട്ട്. പ്രതിഷേധക്കാരെ അടിച്ചമർത്താൻ സർക്കാർ നടപടികൾ തുടങ്ങിയതായും നിരവധി പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.
പ്രക്ഷോഭം ജനജീവിതത്തെ ബാധിച്ചാൽ നോക്കിയിരിക്കില്ല എന്നാണു സർക്കാരിന്റെ മുന്നറിയിപ്പ്. സർവകലാശാലകളിൽ സമരം ചെയ്ത വിദ്യാർഥികളെ സൈന്യം കസ്റ്റഡിയിലെടുത്തതായും ആമിർ കബീർ സർവകലാശാലയിലെ ഒരു വിദ്യാർഥിക്ക് വിപ്ലവ സേനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായും മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. ഇസ്ലാമിക ഭരണകൂടത്തിന് എതിരേയുള്ള വിദ്യാർഥികളുടെ പ്രതിഷേധദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ പരോക്ഷമായി സൂചിപ്പിച്ച് “ഏകാധിപതിക്ക് മരണം” എന്നുപറഞ്ഞുള്ള മുദ്രാവാക്യങ്ങളുമായാണ് വിദ്യാർഥികൾ പ്രതിഷേധരംഗത്തുള്ളത്.
1979ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ അധികാരഭൃഷ്ടനാക്കപ്പെട്ട അന്തരിച്ച ഷാ മൊഹമ്മദ് റെസാ പാഹ്ലാവിയുടെ മകനും അമേരിക്കയിൽ പ്രവാസജീവിതം നയിക്കുന്നതുമായ റെസാ പാഹ്ലാവിയെ തിരിച്ചുകൊണ്ടുവരണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. പ്രതിഷേധക്കാരുടെ ആവശ്യം ശ്രദ്ധയിൽപ്പെട്ട റെസാ പാഹ്ലാവി, ഞാൻ നിങ്ങൾക്കൊപ്പമാണെന്നും വിജയം നമ്മുടേതാണെന്നും എക്സിൽ കുറിച്ചു.
ആയത്തൊള്ള അലി ഖമനയ് ഭരണകൂടത്തിന്റെ പരാജയമാണു സാമ്പത്തിക തകർച്ചയ്ക്കു കാരണമെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ വിപ്ലവ സംരക്ഷണ സേനയെയും അർധസൈനിക വിഭാഗത്തെയും കൂടുതൽ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. അതേസമയം, പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്താൻ ആഭ്യന്തരമന്ത്രിയോടു നിർദേശിച്ചതായി പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.
സാന്പത്തിക തകർച്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിവച്ച സെൻട്രൽ ബാങ്ക് ഗവർണർ മൊഹമ്മദാദ്രെസ ഫാർസിന്റെ രാജിക്കത്ത് സ്വീകരിച്ചതായും മുൻ ധനമന്ത്രി അബ്ദുൾനാസർ ഹെമ്മാതിയെ പകരം നിയമിച്ചതായും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. അതിനിടെ, പരമോന്നത നേതാവ് 86കാരനായ ആയത്തൊള്ള അലി ഖമനയിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണു റിപ്പോർട്ടുകൾ. അദ്ദേഹത്തിനു മറവിരോഗം ബാധിച്ചതായും റിപ്പോർട്ടുണ്ട്.
International
മയാമി: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ഇറാനും ഹമാസിനും മുന്നറിയിപ്പു നല്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ആണവ, മിസൈൽ പദ്ധതികൾ പുനരാരംഭിച്ചാൽ ഇറാനെതിരേ ഇനിയുമൊരാക്രമണത്തിന് അമേരിക്കയുടെ പിന്തുണ ഉണ്ടായിരിക്കുമെന്നും ഹമാസ് ആയുധം ഉപേക്ഷിച്ചില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും നെതന്യാഹുവുമൊത്തുള്ള വാർത്താസമ്മേളനത്തിൽ ട്രംപ് മുന്നറിയിപ്പു നല്കി.
ജൂണിൽ ഇസ്രയേലുമായി നടന്ന യുദ്ധത്തിൽ തകർന്ന ആയുധപദ്ധതികൾ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് ഇറാൻ. ഇറാൻ എങ്ങോട്ടാണു പോകുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും ഞങ്ങൾക്കറിയാം. അമേരിക്കൻ യുദ്ധവിമാനങ്ങളുടെ ഇന്ധനം വെറുതേ കളയാൻ ഇറാൻ ശ്രമിക്കരുത്.
ഇറാൻ, ലബനനിലെ ഹിസ്ബുള്ള ഭീകരർ, ഹമാസ് എന്നിവരെക്കുറിച്ച് ഇസ്രയേലിനുള്ള ഉത്കണ്ഠയാണ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്നും ട്രംപ് അറിയിച്ചു. ഒക്ടോബറിൽ ഇസ്രയേലും ഹമാസും തമ്മിലുണ്ടായ വെടിനിർത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതും ചർച്ചയായി. വെടിനിർത്തൽ ധാരണ പാലിക്കാൻ ഇസ്രയേൽ തയാറായി. ഹമാസ് ആയുധം താഴെവച്ചില്ലെങ്കിൽ നരകമായിരിക്കും ഫലമെന്നും ട്രംപ് ഭീഷണി മുഴക്കി.
ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇറാൻ ആയുധ പദ്ധതികൾ പുനരാരംഭിക്കുന്ന വിഷയം ട്രംപിനെ അറിയിക്കുമെന്ന് നെതന്യാഹു നേരത്തേ വ്യക്തമാക്കിയിരുന്നു.
സംയമനം പാലിക്കണമെന്ന് റഷ്യ
ഇറാൻ വിഷയത്തിൽ സംഘർഷം വർധിപ്പിക്കുന്നതിൽനിന്ന് എല്ലാ കക്ഷികളും വിട്ടുനിൽക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. പശ്ചിമേഷ്യാ സംഘർഷം വർധിപ്പിക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും ഇറാനുമായി ചർച്ച നടത്താനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് കൂട്ടിച്ചേർത്തു.
International
ദുബായ്: ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ ധാരണ നടപ്പായതോടെ പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്. 12 ദിവസത്തിനുശേഷം ആദ്യമായി ഇരു രാജ്യത്തും മിസൈലാക്രമണമില്ലാത്ത രാത്രിയാണ് കടന്നുപോയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിലാണ് വെടിനിർത്തൽ സാധ്യമായത്. വെടിനിർത്തൽ ആദ്യം പാളിയെങ്കിലും ട്രംപ് രൂക്ഷമായ ഭാഷയിൽ ഇസ്രയേലിനെയും ഇറാനെയും വിമർശിച്ചതോടെ ധാരണ നിലവിൽ വന്നു.
ഇറാനിലും ഇസ്രയേലിലും ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. ഇറാനിൽ ഇന്റർനെറ്റ് സേവനങ്ങൾ മുന്പത്തേതുപോലെയായി. ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇന്നലെ മൂന്നു പേരെ ഇറാനിൽ തൂക്കിലേറ്റി. ചാരവൃത്തി ആരോപിച്ച് എഴുനൂറോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
“എല്ലാം നന്നായി പോകുന്നു” എന്നാണ് നെതർലൻഡ്സിൽ നാറ്റോ സമ്മേളനത്തിനെത്തിയ ഡോണൾഡ് ട്രംപ് ഇന്നലെ പറഞ്ഞത്. അതേസമയം, ആണവപദ്ധതി ഉപേക്ഷിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. അന്താരാഷ്ട്ര ആണവ ഏജൻസിയുമായി ഇനി സഹകരിക്കില്ലെന്ന് ഇറാൻ തീരുമാനിച്ചിട്ടുണ്ട്. വർഷങ്ങളായി ഇറാന്റെ ആണവപദ്ധതികൾക്കു മേൽനോട്ടം വഹിച്ചിരുന്നത് വിയന്ന ആസ്ഥാനമായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയായിരുന്നു.
ഇതിനിടെ, ഇറാനിലെ ആണവകേന്ദ്രങ്ങൾ പൂർണമായും തകർന്നിട്ടില്ലെന്ന പെന്റഗൺ റിപ്പോർട്ട് പുറത്തുവന്നത് വിവാദത്തിനിടയാക്കി. എന്നാൽ, ഇതു നിഷേധിച്ച് ഡോണൾഡ് ട്രംപ് രംഗത്തെത്തി. തകർക്കപ്പെട്ട ആണവകേന്ദ്രങ്ങളിലെത്തി മൊസാദ് ഏജന്റുമാർ നാശനഷ്ടം വിലയിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ ആക്രമണം ഇറാന്റെ ആണവപദ്ധതിയെ ദശകങ്ങളോളം പിറകോട്ടടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് വൻ നാശമുണ്ടായതായാണു തങ്ങളുടെ നിഗമനമെന്ന് ഇസ്രേലി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ പറഞ്ഞു. യുഎസ് ആക്രണങ്ങളുടെ ഫലമായി ഇറാന്റെ ആണവ സംവിധാനങ്ങൾക്ക് ഗുരുതര കേടുപാടുകൾ സംഭവിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് ഇന്നലെ സ്ഥിരീകരിച്ചു. അൽ ജസീറ ചാനലിനോട് സംസാരിക്കവേ ഇക്കാര്യം തുറന്നു സമ്മതിച്ച അദ്ദേഹം കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാൻ വിസമ്മതിച്ചു.
International
ഇറാന്റെ അതീവരഹസ്യ ആണവപദ്ധതി. വടക്കുപടിഞ്ഞാറൻ ഇറാനിലെ ഖോം നഗരത്തിൽനിന്ന് 30 കിലോമീറ്റർ അകലെ മലനിരകൾക്കുള്ളിലാണ് ആണവ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
യുറേനിയം സന്പുഷ്ടീകരിക്കാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. അന്താരാഷ്ട്ര ആണവോർജ ഏജൻസി ഉദ്യോഗസ്ഥർ 2023ൽ ഇവിടെ നടത്തിയ പരിശോധനയിൽ അണുബോംബ് നിർമിക്കുന്നതിന് ആവശ്യമായതിനോട് അടുത്ത തോതിൽ സന്പുഷ്ടീകരിച്ച യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇറാനെതിരായ ഇസ്രേലി ആക്രമണത്തിൽ ഫോർഡോയും ഉൾപ്പെട്ടിരുന്നു.
എന്നാൽ നതാൻസ്, ഇസ്ഫഹാൻ കേന്ദ്രങ്ങളിലുണ്ടായതുപോലുള്ള നാശം ഫോർഡോയിൽ റിപ്പോർട്ട് ചെയ്തില്ല. മലയ്ക്കുള്ളിൽ നൂറുകണക്കിനു മീറ്ററുകൾ ആഴത്തിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റ് നശിപ്പിക്കാൻ അമേരിക്കയുടെ ബങ്കർ നശീകരണ ബോംബും അതുവഹിക്കുന്ന ബി-2 സ്പിരിറ്റ് യുദ്ധവിമാനവും വേണ്ടിവന്നതിനു കാരണം ഇതാണ്.
ഫോർഡോ നശിച്ചോ?
അമേരിക്കൻ ആക്രമണത്തിൽ ഫോർഡോ നിലയം നശിച്ചെന്നാണ് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ പ്ലാന്റിനു കാര്യമായ നാശമുണ്ടായി എന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണം പ്രതീക്ഷിച്ചിരുന്നതിനാൽ ഫോർഡോയിലെ ഉപകരണങ്ങളും നേരത്തേ മാറ്റിയിരുന്നുവെന്നാണ് ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞത്.
ആക്രമണം ഇറാന്റെ ആണവപദ്ധതി അന്തിമഘട്ടത്തിൽ എത്തിനിൽക്കെ
അണുബോംബ് വികസിപ്പിച്ചെടുക്കാനുള്ള പദ്ധതി അന്തിമഘട്ടത്തിൽ എത്തിനിൽക്കെയാണ് ഇറാന്റെ ആണവകേന്ദ്രങ്ങൾക്കുമേൽ ഇസ്രയേലിനു പിന്നാലെ അമേരിക്കയും പ്രഹരമേൽപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇറാൻ ആണവ സമ്പുഷ്ടീകരണം വേഗത്തിലാക്കിയതായി അന്താരാഷ്ട്ര പരിശോധകർ കണ്ടെത്തിയിരുന്നു.
ഇറാന് ആണവായുധം നിര്‍മിക്കുന്നതിന് തൊട്ടടുത്തെത്തിയെന്ന് അടുത്തിടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി റഫായേല്‍ ഗ്രോസിയും വ്യക്തമാക്കിയിരുന്നു. ഒമ്പത് അണുബോംബുകൾ നിര്‍മിക്കാനാവശ്യമായ എല്ലാ കാര്യങ്ങളും ഇപ്പോള്‍ അവരുടെ പക്കലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്ന് ആണവകേന്ദ്രങ്ങളിൽനിന്നു പരിശോധകർ കണ്ടെത്തിയ മനുഷ്യനിർമിത യുറേനിയം കണികകളെക്കുറിച്ചുള്ള അന്വേഷണവുമായി ഇറാൻ സഹകരിക്കാത്തതിനാൽ അവരുടെ ആണവപദ്ധതി പൂർണമായും സമാധാനപരമാണെന്ന് ഉറപ്പുനൽകാൻ കഴിയില്ലെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി അറിയിച്ചിരുന്നു.
അണുബോംബ് വികസിപ്പിച്ചെടുക്കാനുള്ള ഘടകങ്ങൾ നിർമിക്കാനുള്ള ഇറേനിയൻ ഭരണകൂടത്തിന്റെ ശ്രമങ്ങൾ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ ശേഖരിച്ചതായി ഇസ്രയേൽ സൈന്യവും ഒരുമാസം മുമ്പ് വ്യക്തമാക്കിയിരുന്നു.
International
ടിജോ മാത്യു
ഇറാനെ ആക്രമിക്കാൻ അമേരിക്ക മുതിർന്നതോടെ ഹോർമുസ് കടലിടുക്കിൽ ആശങ്കയുടെ തിരയിളക്കം. വൻശക്തികളായ ഇസ്രയേലിനെയും അമേരിക്കയെയും പ്രതിരോധിക്കാൻ ദുർബലരായ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ച് അറ്റകൈ പ്രയോഗിക്കുമോയെന്നാണ് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത്.
പേർഷ്യൻ ഗൾഫിനെ ഗൾഫ് ഓഫ് ഒമാൻ, അറബിക്കടൽ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഈ ജലപാത അടഞ്ഞാൽ ഇന്ത്യയുടെ ഊർജഭദ്രത ഉൾപ്പെടെ ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഇത് സൃഷ്ടിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സൗദി, ഇറാക്ക്, കുവൈത്ത്, ഇറാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളെല്ലാം അവരുടെ അസംസ്കൃത എണ്ണ ആഗോള വിപണിയിലെത്തിക്കാൻ ആശ്രയിക്കുന്നത് ഈ കടലിടുക്കിനെയാണ്. വെറും 21 നോട്ടിക്കൽ മൈലാണ് ഇതിന്റെ വീതി. ലോകത്തിന്റെ എണ്ണ വ്യാപാരത്തിന്റെ 30 ശതമാനവും എൽഎൻജിയുടെ (ദ്രവീകൃത പ്രകൃതിവാതകം) മൂന്നിലൊന്നും ദിനേന ഇതുവഴിയാണു കടന്നുപോകുന്നത്. ദിവസവും ഏകദേശം 20-21 ദശലക്ഷം ബാരൽ എണ്ണ. ഹോർമുസ് അടച്ചിടുന്നതോടെ എതിരാളികളെ സമ്മർദത്തിലാക്കി ചർച്ചയുടെ മേശയിലേക്കുകൊണ്ടുവരാൻ സാധിക്കുമെന്നാണ് ഇറാൻ കണക്കുകൂട്ടന്നത്. "ഈ പാത അടയ്ക്കുന്നതോടെ ആഗോള എണ്ണ വ്യാപാരത്തിൽ വൻ ഇടിവുണ്ടാകുകയും വിലവർധനയ്ക്കു കാരണമാകുകയും ചെയ്യും. ഹോർമൂസ് കടലിടുക്കിലെ ഏതൊരു തടസവും ഇറാക്കിൽനിന്നും സൗദിയിൽനിന്നുമുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയെ വലിയ തോതിൽ ബാധിക്കും.
ഹോർമുസ് കടലിടുക്ക് തടസപ്പെട്ടാൽ എണ്ണക്കപ്പലുകൾ വഴിതിരിച്ചുവിടാൻ കമ്പനികൾ തയാറാവും. എണ്ണയുടെ ചരക്ക് നീക്കത്തിൽ ചെലവേറാൻ വഴിതിരിച്ചുവിടൽ ഇടയാക്കും. സ്വഭാവികമായി എണ്ണവില കുതിച്ചുയരുകയും ചെയ്യും. വില ബാരലിന് 80-90 യുഎസ് ഡോളറോ ചിലപ്പോൾ ബാരലിന് 100 യുഎസ് ഡോളറിലോ എത്തുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.
എന്നാൽ, ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് ഇറാന്റെ സാമ്പത്തിക മേഖലയ്ക്കും നല്ലതല്ല. പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധത്തിൽ വലയുന്ന ഇറാനു കൂടുതൽ ഞെരുക്കം സൃഷ്ടിക്കുന്ന നടപടിയാകും അത്. അത്തരമൊരു നീക്കം ടെഹ്റാന്റെ കയറ്റുമതിയെയും സാരമായി ബാധിക്കും. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഈ കടലിടുക്കിലൂടെയാണു കടന്നുപോകുന്നത്. ഇസ്രയേലുമായുള്ള സംഘർഷം ആരംഭിച്ചതു മുതൽ ഹോർമുസ് കടലിടുക്ക് അടച്ചേക്കുമെന്ന സൂചന ഇറാൻ അധികൃതർ നൽകിയിരുന്നു. പശ്ചിമേഷ്യയിൽ നിരവധി തവണ യുദ്ധമേഖങ്ങൾ ഉരുണ്ടുകൂടിയിട്ടും ആധുനിക ചരിത്രത്തിൽ ഹോർമുസ് കടലിടുക്ക് ഒരു തവണ പോലും പൂർണമായി അടച്ചിട്ടില്ല.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണം അപ്രതീക്ഷിതമായിരുന്നു. ഇറാനെ ആക്രമിക്കുന്നതു സംബന്ധിച്ച തീരുമാനം രണ്ടാഴ്ചയ്ക്കുശേഷമേ ഉണ്ടാകൂ എന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞത് ദിവസങ്ങൾക്കു മുന്‍പാണ്. ഇറാനെ നയതന്ത്രപാതയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾ യൂറോപ്യൻ ശക്തികളും ആരംഭിച്ചിരുന്നു. ഇറാനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നതോടെ പശ്ചിമേഷ്യാസംഘർഷം കൂടുതൽ രൂക്ഷമാകുമെന്നുറപ്പായി.
ലക്ഷ്യം ആണവകേന്ദ്രങ്ങൾ
ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങളിലാണ് അമേരിക്ക ബോംബിട്ടത്. ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കുന്ന മൂന്നു പ്ലാന്റുകൾക്കും ഇറാന്റെ ആണവപദ്ധതിയിൽ സുപ്രധാന പങ്കുണ്ട്. മൂന്നു സ്ഥലങ്ങളിലും ഇസ്രയേൽ മുന്‍പ് ആക്രമണം നടത്തിയിരുന്നു. നതാൻസ്, ഇസ്ഫഹാൻ പ്ലാന്റുകളിൽ ഗുരുതരമായ നാശനഷ്ടമുണ്ടായി. എന്നാൽ മലനിരയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഫോർഡോ പ്ലാന്റ് നശിപ്പിക്കാനുള്ള ശേഷി ഇസ്രയേലിനില്ലായിരുന്നു. അതിനാലാണ് അമേരിക്കയുടെ സഹായം തേടിയത്.
ഇറാനെ അറിയിച്ചശേഷം ആക്രമണം
വാഷിംഗ്ടൺ ഡിസി: ആണവ കേന്ദ്രങ്ങളിലെ ആക്രമണം മൂലം പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കരുതെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാനു സന്ദേശം നല്കിയ ശേഷമായിരുന്നു അമേരിക്കൻ ആക്രമണം.
പരിമിതമായ തോതിലേ ആക്രമണം ഉണ്ടാകൂ എന്നും ഇറേനിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഉദ്ദേശ്യമില്ലെന്നും അമേരിക്ക മുൻകൂട്ടി അറിയിച്ചു.
ആക്രമണശേഷം യുഎസ് പ്രസിഡന്റ് നല്കിയ സന്ദേശത്തിലും ഇറാനോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു.
ഇറാന് ഇപ്പോഴും സമാധാനത്തിന്റെ പാതയിലേക്കു മടങ്ങിവരാമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അല്ലാത്തപക്ഷം ഇറാൻ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പു നല്കി.
“ഇതിങ്ങനെ തുടരാനാവില്ല. ഒന്നല്ലെങ്കിൽ സമാധാനം ഉണ്ടാകണം. അല്ലെങ്കിൽ കഴിഞ്ഞ എട്ടു ദിവസം നേരിട്ടതിനേക്കാളും വലിയ ദുരന്തമാണ് ഇറാനെ കാത്തിരിക്കുന്നത്. വേഗത്തിൽ സമാധാനപോംവഴി ഉണ്ടായില്ലെങ്കിൽ ഇറാനിലെ മറ്റു ലക്ഷ്യങ്ങൾ ആക്രമിക്കേണ്ടിവരും”- ട്രംപ് പറഞ്ഞു.
ഇസ്രയേലിൽ മുൻകരുതൽ
അമേരിക്കൻ ആക്രമണത്തിന് ഇറാന്റെ തിരിച്ചടി പ്രതീക്ഷിക്കുന്ന ഇസ്രയേൽ മുൻകരുതലുകളെടുത്തിട്ടുണ്ട്. ജനം കൂട്ടംകൂടുന്നത് ഇസ്രയേലിൽ നിരോധിച്ചു. സ്കൂളുകൾക്ക് അവധി നല്കി. അത്യാവശ്യ സേവന വിഭാഗങ്ങൾക്കു മാത്രമാണ് പ്രവർത്തനാനുമതി നല്‍കിയിട്ടുള്ളത്. ഇസ്രയേലിന്റെ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. ഈജ്പിലേക്കു ജോർദാനിലേക്കുമുള്ള റോഡുകൾ അടച്ചിട്ടില്ല.
ഇന്നലത്തെ പ്രധാന സംഭവങ്ങൾ
ഇന്ത്യൻ സമയം ഞായർ രാവിലെ 5.20: ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആണവകേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
6.26: മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു.
7.13: പ്രസിഡന്റ് ട്രംപും അമേരിക്കയും അങ്ങേയറ്റം ശക്തിയോടെ നടപടികളെടുത്തുവെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
7.24: അമേരിക്കൻ ആക്രമണം അപകടകരമായ നീക്കമെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെരസ്.
7.30: ഇറാൻ സമാധാനത്തിനു തയാറായില്ലെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ്.
10.01: ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ചതായി ഇസ്രയേലിന്റെ അറിയിപ്പ്.
10.30: അമേരിക്കൻ ആക്രമണങ്ങൾ മൂലം ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അണുവികിരണ ചോർച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു.
11.17: ഇറാനിൽ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രേലി സേനയുടെ അറിയിപ്പ്.
International
ടെഹ്റാൻ: ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ ഇറാനിലെ ആണവനിലയം ആക്രമിച്ച് ഇസ്രയേൽ. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ഏകദേശം 250 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അറാക് ഹെവി വാട്ടർ റിയാക്ടറിനു നേരെയാണ് ആക്രമണമുണ്ടായത്.
ഈ കേന്ദ്രം ആക്രമിക്കുമെന്നും മേഖലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്നും ഇസ്രയേൽ രാവിലെതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. അതേസമയം, ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിനുമുൻപുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറേനിയൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
ആറാം ദിവസവും മേഖലയില്‍ ശക്തമായ ആക്രമണമാണ് നടക്കുന്നത്. ടെഹ്റാനു സമീപമുള്ള ഖോജിര്‍ മിസൈല്‍ നിർമാണ കേന്ദ്രം ഇസ്രയേല്‍ ആക്രമിച്ചെന്ന് ഇറേനിയന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിഴക്കന്‍ ടെഹ്റാനിലെ ഇമാം ഹൊസൈന്‍ സര്‍വകലാശാലയെയും ഇസ്രയേല്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, ഇസ്രയേലി നഗരങ്ങളിൽ ഇറാൻ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. മധ്യ, തെക്കൻ ഇസ്രയേലിലെ നാല് സ്ഥലങ്ങളിൽ ഇറേനിയൻ മിസൈലുകൾ പതിച്ചു. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി.
റമാത് ഗാനിലുള്ള ആശുപത്രി സമുച്ചയത്തിനു നേരെയും ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി. ആശുപത്രിയിൽ നിന്ന് മാറാൻ ആളുകൾക്ക് ഇസ്രേലി പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി നടന്ന ആക്രമണങ്ങളിൽ 28 പേർക്കാണ് പരിക്കേറ്റത്.
Editorial
ഗാസയിൽ വെടി നിർത്തുമോയെന്ന് ലോകം ചോദിച്ചുകൊണ്ടിരിക്കെ ഇസ്രയേൽ ഇറാനിലും വെടി പൊട്ടിച്ചിരിക്കുന്നു. തങ്ങൾക്കൊരു പങ്കുമില്ലെന്ന് അമേരിക്ക പറഞ്ഞെങ്കിലും, ആരും വിശ്വസിച്ചിട്ടില്ല. ഇറാൻ തിരിച്ചടിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യക്കു പക്ഷം പിടിക്കൽ എളുപ്പമല്ല. ഹമാസിനെതിരേ ഇസ്രയേൽ പക്ഷത്ത് നിലയുറപ്പിച്ച ഇന്ത്യക്ക് ഇപ്പോൾ ഇസ്രയേലുമായുള്ള ബന്ധം മാത്രമല്ല, ഇറാനുമായുള്ള വ്യാപാര ഇടപാടുകളും ഗതാഗത പദ്ധതികളും പരിഗണിക്കേണ്ടിവരും.
അതുപോലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ശല്യം സഹിക്കാനാവാതെ ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനെ ആക്രമിച്ച ഇന്ത്യക്ക്, തീവ്രവാദ ഭീഷണിയുടെ പേരിൽ ഇറാനെ ആക്രമിച്ച ഇസ്രയേലിനെ എതിർക്കാനുമാവില്ല. പക്ഷേ, റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ, ചുളുവിലയ്ക്ക് റഷ്യയിൽനിന്ന് എണ്ണ വാങ്ങാനുള്ള അവസരമാക്കിയ നയതന്ത്രം ഈ പ്രതിസന്ധിയിലും സഹായകമായേക്കാം.
ഇറാന്റെ ആണവായുധ നിർമാണമാണ് വിഷയം. പക്ഷേ, ലോകത്ത് അണുബോംബ് ഉപയോഗിച്ച ഏക രാഷ്ട്രമായ അമേരിക്കയാണ് ആണവായുധശേഖരത്തിനു മുകളിലിരുന്നുകൊണ്ട് മറ്റു രാജ്യങ്ങളെ ആണവസന്മാർഗം പഠിപ്പിക്കാൻ മുന്നിലുള്ളതെന്ന വൈചിത്ര്യവുമുണ്ട്. ന്യായീകരണമായി അമേരിക്കൻ പക്ഷം ഉയർത്തുന്നത് ഇറാന്റെ ആപത്കരമായ മതമൗലികവാദ നിലപാടാണ്. വർധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദം മതേതര-ജനാധിപത്യരാജ്യങ്ങൾക്കു ഭീഷണിയായതിനാൽ അമേരിക്കൻ നിലപാടിനെ പിന്തുണയ്ക്കുന്നവർ ഏറെയാണ്. അൽ-ക്വയ്ദ ഉൾപ്പെടെയുള്ള സുന്നി ഭീകര പ്രസ്ഥാനങ്ങളെ ഷിയാ രാജ്യമായ ഇറാൻ പിന്തുണയ്ക്കുന്നതിന്റെ അടിസ്ഥാനവും മതമൗലികവാദ സാഹോദര്യമാണ്; ഒപ്പം, ഇറാക്കിലുൾപ്പെടെ ഷിയ വിഭാഗം ആക്രമിക്കപ്പെടാതിരിക്കുകയും വേണം.
ഇത്തരമൊരു പശ്ചാത്തലത്തിനൊപ്പം, ഗാസയിൽ ഹമാസിനെയും ലെബനനില്‍ ഹിസ്ബുള്ളയെയും പിന്തുണയ്ക്കുന്നത് ഇറാനോടുള്ള ഇസ്രയേലിന്റെ ശത്രുത ഇരട്ടിപ്പിച്ചു. ഇതിനിടെയാണ്, ആണവ നിരായുധീകരണ മാനദണ്ഡങ്ങൾ ഇറാൻ ലംഘിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി ബോർഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കിട്ടിയ അവസരത്തിൽ ഇസ്രയേൽ ഇറാനെ ആക്രമിക്കുകയും ചെയ്തു. ഞായറാഴ്ച ഇറാനുമായി അമേരിക്ക യുറേനിയം സന്പുഷ്ടീകരണ പദ്ധതി സംബന്ധിച്ച ചർച്ചയുടെ ആറാം റൗണ്ട് നടത്താനിരിക്കെയാണ് ആക്രമണം. ഇറാനിലും പശ്ചിമേഷ്യയിലുമുള്ള അമേരിക്കക്കാരോടു മടങ്ങിയെത്താൻ കഴിഞ്ഞദിവസം ട്രംപ് നിർദേശിച്ചത് കാര്യങ്ങളെല്ലാം മുൻകൂട്ടി അറിഞ്ഞാണെന്നു വ്യക്തം.
തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പെടെ 13 കേന്ദ്രങ്ങളിലാണ് ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്ന പേരിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാൻ സൈനിക കമാൻഡർ മുഹമ്മദ് ബാഗേരി, ഇറാൻ വിപ്ലവ സേനാ മേധാവി ഹൊസൈൻ സലാമി, ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മേധാവി ഗുലാം അലി റാഷിദ് എന്നിവരും ആണവശാസ്ത്രജ്ഞരും ഉള്‍പ്പെടെ നിരവധി നേതാക്കളെ വധിച്ചതായി ഇസ്രേലി പ്രതിരോധസേന അറിയിച്ചു. ഇരുന്നൂറിലധികം യുദ്ധവിമാനങ്ങൾ നൂറോളം ലക്ഷ്യസ്ഥാനങ്ങളിൽ മുന്നൂറിലധികം ആയുധങ്ങളുപയോഗിച്ചു.
ആണവ, സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെട്ടെങ്കിലും ജനവാസമേഖലകളിലാണ് ആക്രമണം നടത്തിയതെന്നും നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നും ഇറാൻ ആരോപിച്ചു. തൊട്ടുപിന്നാലെ ഇസ്രയേലിലേക്ക് ഇറാൻ ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഡ്രോണുകൾ ഇസ്രയേലിൽ എത്തണമെങ്കിൽ ഏഴ് മണിക്കൂറെങ്കിലുമെടുക്കും. അതിനുമുന്‍പ് തങ്ങൾ അവയെ തകർക്കുമെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിൽ ഇരുവിഭാഗവും ഏറ്റുമുട്ടിയപ്പോഴും കൂടുതൽ നഷ്ടം ഇറാനായിരുന്നു.
ഏതൊരു യുദ്ധവും എന്നപോലെ ഇതും എല്ലാ രാജ്യങ്ങളെയും ബാധിക്കും. ഇറാനും ഇസ്രയേലും തങ്ങളുടെ വ്യോമപാത അടച്ചു. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ വ്യോമഗതാഗത ചെലവ് വർധിച്ചുകഴിഞ്ഞു. ഇന്ത്യയുടെ വലിയ ആശങ്ക ക്രൂഡ് ഓയിൽ വിലയാണ്. നിലവിൽ 88.2 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയിൽനിന്നുള്ള എണ്ണ കയറ്റുമതിക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ തന്ത്രപരമായ ഇടപാടിലൂടെ റഷ്യയിൽനിന്ന് നിസാര വിലയ്ക്ക് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തു. പക്ഷേ, ഇറാന്റെ പക്ഷത്താണ് റഷ്യ എന്നതിനാൽ രണ്ടിടങ്ങളിൽനിന്നും മറ്റ് അറബ് രാജ്യങ്ങളിൽനിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ജാഗ്രത പാലിച്ചേ തീരൂ.
മറ്റൊന്ന്, ഇറാനുമായുള്ള ഗതാഗത പദ്ധതികളാണ്. ഇടയ്ക്കു മന്ദഗതിയിലായിരുന്നെങ്കിലും ചബഹാർ തുറമുഖത്തിന്റെയും ഐഎൻഎസ്ടിസി (ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്പോർട്ട് കോറിഡോർ) യുടെയും വികസനത്തിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ മാസം ഇന്ത്യൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇറേനിയന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അലി അക്ബര്‍ അഹമദീയനും ചർച്ച നടത്തിയിരുന്നു. ഇറാന്റെ ഊർജസമ്പന്നമായ തെക്കൻ തീരത്ത് സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചബഹാർ തുറമുഖം, ഗതാഗതവും സാമ്പത്തിക ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയും ഇറാനും ചേർന്നാണു നിർമിക്കുന്നത്. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, അർമേനിയ, അസർബൈജാൻ, റഷ്യ, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന 7,200 കിലോമീറ്റർ ചരക്ക് ഗതാഗത പദ്ധതിയാണ് ഐഎൻഎസ്ടിസി. ഇതൊക്കെ അവഗണിക്കാൻ ഇന്ത്യക്കു കഴിയില്ല. സമദൂര സിദ്ധാന്തമാണ് അഭികാമ്യമെന്നു ചുരുക്കം.
എല്ലാവരും എല്ലാവരെയും സംശയിക്കുന്ന ഒരു സാഹചര്യം അന്താരാഷ്ട്ര തലത്തിൽ രൂപപ്പെട്ടിട്ടുണ്ട്. വ്യാപാരത്തിലായാലും സൈനിക നീക്കങ്ങളിലായാലും പരസ്പരം കൈ കൊടുക്കുമ്പോഴും കണ്ണ് പിന്നാന്പുറങ്ങളിലേക്കാണ്. അതിൽ ഒരു നിർണായക ഘടകമായി ഇസ്ലാമിക തീവ്രവാദം മാറുകയും ഭീകരവാദ വിരുദ്ധത മതേതര-ജനാധിപത്യ രാജ്യങ്ങളുടെ പരിഗണനയിൽ ഉൾപ്പെടുകയും ചെയ്തു. പക്ഷേ, അതിനും മുകളിലാണ് വ്യാപാര-സൈനിക താത്പര്യങ്ങളും ലാഭങ്ങളും.
പാക്കിസ്ഥാനെ തല്ലുമെന്നു പറയുന്ന അമേരിക്ക ആ തീവ്രവാദ രാഷ്ട്രത്തെ പലപ്പോഴും തലോടുന്നത് അതുകൊണ്ടാണ്. ഇസ്രയേൽ മാത്രമാണ് അതിന് അപവാദമെന്നു പറയാം. ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളും രാജ്യങ്ങളുമാണ് അവരുടെ മുൻഗണനാ പട്ടികയിൽ ഒന്നാമത്. അല്ലെങ്കിൽ തങ്ങൾ ഭൂമുഖത്ത് ഉണ്ടാകില്ലെന്നാണ് അവർ കരുതുന്നത്. ബാക്കിയെല്ലാ തീവ്രവാദ വിരുദ്ധതയും മതസാഹോദര്യവുമൊക്കെ തത്കാലം ആളും തരവും നോക്കിയാണ്. പ്രമുഖ അറബ് രാജ്യങ്ങൾ വാക്കുകൊണ്ടല്ലാതെ പ്രവൃത്തികൊണ്ട് ഇസ്രയേലിനെ എതിർക്കാത്തത് ഉദാഹരണം.
ഇന്ത്യയിലേക്കു വന്നാൽ, ഭീകരവാദവും കച്ചവടവും സങ്കീർണമാക്കിയ ഈ ലോകക്രമത്തെ പരിഗണിക്കാതെ, ഇസ്രയേൽ പണ്ടേ തെമ്മാടിരാഷ്ട്രമാണെന്ന് പിണറായി വിജയനു പറയാം. പക്ഷേ, ഇസ്രയേലിനെ തെമ്മാടിയെന്നോ ഇറാനെ ഭീകരവാദിയെന്നോ പ്രധാനമന്ത്രിയെന്ന നിലയിൽ മോദിക്കു വിളിക്കാനാവില്ല. മറ്റു രാജ്യങ്ങളോടു ചേർന്ന് യുദ്ധസാഹചര്യം ഒഴിവാക്കാൻ ശ്രമിക്കുകയേ നിർവാഹമുള്ളൂ; പ്രത്യേകിച്ച് അമേരിക്കയും ഇസ്രയേലും കൈകോർത്തു നിൽക്കുമ്പോൾ.